Headlines

ടൈഗര്‍ ഷ്‌റോഫിനെതിരായ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയ് ഗ്യാങ്

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയ് ഗ്യാങ്. ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള അനില്‍ പണ്ഡിറ്റാണ് വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. സല്‍മാന്‍ ഖാന് ഒപ്പമുള്ള ആരെയും വെറുതെ വിടില്ലെന്നും ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ് എന്നുമാണ് ഭീഷണി. അതേസമയം ആക്രമണത്തിന് പിന്നിലെ ബിഷ്‌ണോയ് ഗ്യാങ്ങിന്റെ പങ്ക് മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

‘ഞങ്ങള്‍ അവനെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു, പക്ഷേ അവന് അത് മനസ്സിലായില്ല. അതുകൊണ്ട് ഇന്ന്, ഞങ്ങള്‍ അവന് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുമനസ്സിലാക്കി,’ എന്നായിരുന്നു ഹിന്ദിയിലുള്ള പോസ്റ്റില്‍ പറഞ്ഞിരുന്നത്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കാത്ത പക്ഷം ആക്രമണങ്ങള്‍ തുടരുമെന്ന് പണ്ഡിറ്റ് മുന്നറിയിപ്പ് നല്‍കി. ‘മുംബൈ സിനിമാ വ്യവസായത്തില്‍ ഞങ്ങളുടെ വാക്ക് കേള്‍ക്കാത്തവരോ, സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കുന്നവരോ ആയിരിക്കും അടുത്ത ഇരകള്‍. കാത്തിരുന്ന് കാണുക.’ എന്നും ഭീഷണി മുഴക്കുന്നതായിരുന്നു പോസ്റ്റ്.

ക്ലബ്ബില്‍ ഫുട്‌ബോള്‍ കളിച്ച ശേഷം മടങ്ങുകയായിരുന്ന നടന് നേരെ ജുഹുവിലെ പുഷ്പ പാര്‍ക്കിന് സമീപം അജ്ഞാതരായ മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ടൈഗര്‍ ഷ്‌റോഫിന്റെ ഡ്രൈവര്‍ ഫിര്‍ദോസ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഫിര്‍ദോസിന്റെ കൈക്കാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. ആക്രമികളെ കണ്ടെത്തുന്നതിനായി പതിനഞ്ചോളം പൊലീസ് സംഘങ്ങളെയാണ് മുംബൈ പൊലീസ് നിയോഗിച്ചിരിക്കുന്നത്. നിലവില്‍ സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

വെടിവെപ്പിന്റെ പ്രാഥമിക കാരണവും ആക്രമികളുടെ ഉദ്ദേശ്യവും ഇതുവരെ വ്യക്തമായിട്ടില്ലെന്നും, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിലൂടെ ഇക്കാര്യങ്ങള്‍ കണ്ടെത്താനാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 1-ന് അര്‍ദ്ധരാത്രിക്ക് ബൈക്കിലെത്തിയ അജ്ഞാത അക്രമികള്‍ ചലച്ചിത്ര നിര്‍മ്മാതാവ് രോഹിത് ഷെട്ടിയുടെ ജുഹുവിലുള്ള വസതിക്ക് പുറത്ത് വെടിയുതിര്‍ത്തിരുന്നു. കെട്ടിടത്തിന് നേരെ പലതവണ വെടിയുതിര്‍ത്തുവെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.