Headlines

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാം എന്ന ഉത്തരവിന് സ്റ്റേ

അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാം എന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിന് സ്റ്റേ. ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹര്‍ജി അടുത്തഴ്ച്ച പരിഗണിക്കും.

ദൗര്‍ഭാഗ്യകരമെന്നാണ് കോടതി ഈ ഉത്തരവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്തിന് ഇത്തരം ഉത്തരവിറക്കിയെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം കമ്മീഷണര്‍ ,സര്‍ക്കാര്‍ എന്നീ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

ക്ഷേത്ര ട്രസ്റ്റിമാരുടെയും, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും, ക്ഷേത്ര ജീവനക്കാരുടെയും യാത്ര, ഭക്ഷണം, വാഹനങ്ങള്‍ എന്നിവയുടെ ചെലവുകള്‍ അതത് ക്ഷേത്രങ്ങള്‍ വഹിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ബോര്‍ഡ് അംഗങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും, ഏരിയ കമ്മിറ്റി അംഗങ്ങളുടെയും ചെലവ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും വഹിക്കുമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിനായി പോകുന്ന വാഹനങ്ങളുടെ ചെലവും ക്ഷേത്ര ഫണ്ടില്‍നിന്ന് എടുക്കണമെന്ന് ഉത്തരവ്.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ അഞ്ച് ഡിവിഷനുകളാണ് ഉള്ളത്. കോഴിക്കോട്, മലപ്പുറം, തലശ്ശേരി, പാലക്കാട്, കാസര്‍ഗോഡ് എന്നിങ്ങനെയാണ് ഡിവിഷനുകള്‍. ഇവിടങ്ങളിലെ അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കുള്ള ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഓരോ ഡിവിഷനില്‍ നിന്നും 40 പേര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മലബര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 200ഓളം ആളുകള്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.