Headlines

ലോകകപ്പ് ഫൈനൽ ആഘോഷം; വിജയാഘോഷങ്ങൾ അക്രമത്തിലേക്ക് പോകരുത്, നിർദേശവുമായി കൊച്ചി സിറ്റി പൊലീസ്

 

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പൊലീസ്. വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ (Fan Fights) നയിക്കരുത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.

 

 

2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യൽ, അമിതശബ്ദത്തിൽ ഹോൺ മുഴക്കൽ എന്നിവയുൾപ്പെടെ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ പൊതുസുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കുമെന്ന് പൊലീസ് നിർദേശം നൽകി.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും വാഹന പരിശോധനയും ശക്തമാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചു. എല്ലാവരും പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.