Headlines

‘യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിലേ സ്കൂളുകളിൽ സുരക്ഷ ഓഡിറ്റിംഗ് നടത്തും, തുടക്കം എന്റെ മണ്ഡലത്തിൽ നിന്ന്’; വി ഡി സതീശൻ

തേവലക്കര സ്കൂളിലെ അപകടത്തിൽ പ്രധാന അധ്യാപികയുടെ മുകളിൽ മാത്രം കുറ്റം ആരോപിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീഴ്ച്ച വരുത്തിയ എല്ലാവർക്കുമെതിരെ നടപടിയെടുക്കണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്.

വൈദ്യുതലൈന്‍ തൊട്ടുമുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിലേ സ്കൂളുകളിൽ സുരക്ഷ ഓഡിറ്റിംഗ് നടത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

തുടക്കം തന്റെ മണ്ഡലത്തിൽ എന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന മറുപടി അർഹിക്കുന്നില്ല. അപകടം ഉണ്ടായവർക്ക് സഹായം ചെയ്യാൻ ആവുന്നത് സർക്കാരിനാണ്. പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കേരള യൂണിവേഴ്സിറ്റിയിൽ തർക്കങ്ങൾ അവസാനിപ്പിച്ചത് നല്ല കാര്യം. സെനറ്റ് ഹാൾ വാടകയ്ക്ക് കൊടുത്ത പ്രശ്നം മാത്രമാണ് ഉണ്ടായത്. പ്രശ്നം 10 മിനിറ്റിൽ തീർക്കേണ്ടതായിരുന്നു എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.