ബെംഗളൂരു മഡിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു.കവർച്ച നടത്തിയത് പൊലീസ് ജീപ്പിലെത്തിയ രണ്ടംഗ സംഘമാണ്. ഇവരുടെ കൈവശമുണ്ടായിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എന്നാണ് സംഭവം നടന്നതെന്നതിൽ വ്യക്തതയില്ല. ഇന്ന് കവർച്ചയുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്.
രാത്രി യുവാക്കൾ മഡിവാളയിൽ നിൽക്കുമ്പോഴായിരുന്നു പൊലീസ് ജീപ്പിൽ 2 പേർ വന്നത്. ഇവർ തമ്മിലുണ്ടായ തർക്കം മൊബൈലിൽ മറ്റൊരാൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരമാണ് പണം തട്ടിയെടുത്തത് എന്നാണ് പ്രതിയുടെ ആരോപണം. ഇൻസ്പെക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കമ്മീഷ്ണർ വ്യക്തമാക്കി.







