തീരുവ ഭീഷണികള്‍, യുദ്ധ ഭീഷണികള്‍, തട്ടിക്കൊണ്ടുപോകല്‍; സംഭവബഹുലം ട്രംപിന്റെ ഒരു വര്‍ഷം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടം അധികാരത്തിലെത്തിയശേഷം നാളെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലും ആഗോള തലത്തിലും വലിയ മാറ്റങ്ങളാണ് ഇക്കാലയളവില്‍ ദൃശ്യമായത്. കഴിഞ്ഞ ജനുവരി 20-ന് അധികാരമേറ്റടുത്തതു മുതല്‍ ‘അമേരിക്ക ഫസ്റ്റ്’ എന്ന നയമാണ് ട്രംപ് നടപ്പിലാക്കിയത്.തീരുവ ഭീഷണികള്‍, യുദ്ധ ഭീഷണികള്‍, തട്ടിക്കൊണ്ടുപോകല്‍, സമാധാനശ്രമങ്ങള്‍- സംഭവബഹുലമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ വര്‍ഷം. അമേരിക്കയുടെ മാത്രമല്ല ലോകക്രമം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ട്രംപിന്റെ നയപരിപാടികള്‍.

പകരം തീരുവ പ്രഖ്യാപനങ്ങളിലായിരുന്നു തുടക്കം. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് കനത്ത നികുതി ഏര്‍പ്പെടുത്തിയതിനു പിന്നാലെ, റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്നാരോപിച്ച് പിഴത്തീരുവയും ചുമത്തി. കുടിയേറ്റ നയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപടികള്‍ക്ക് തുടക്കമിട്ടു. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ക്കിടയാക്കി. സര്‍ക്കാര്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി എന്ന പുതിയ വിഭാഗം രൂപീകരിച്ചു. ലോകാരോഗ്യ സംഘടന, പാരീസ് കാലാവസ്ഥാ കരാര്‍, യുനെസ്‌കോ എന്നിവയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചു.ഗസ സമാധാനപദ്ധതി, യുക്രെയ്ന്‍ സമാധാനപദ്ധതി തുടങ്ങിയവ ട്രംപിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കപ്പെട്ടു. എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന വാദമുന്നയിച്ച് നോബേല്‍ സമ്മാനം തനിക്കാണ് അര്‍ഹതപ്പെട്ടതെന്ന് പ്രഖ്യാപിച്ചു. നോബേല്‍ ജേതാവായ വെനസ്വേലന്‍ പ്രതിപക്ഷ നേതാവായ മറിയ കൊറീന മച്ചാഡോയില്‍ നിന്നും അവര്‍ക്ക് ലഭിച്ച മെഡല്‍ സ്വീകരിക്കാനും മടിച്ചില്ല. ഇറാനെതിരെ ഇസ്രയേലിന്റെ യുദ്ധത്തിന്റെ ഭാഗമായതും ഇറാനില്‍ പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതും വാര്‍ത്തയായി. അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തുന്നുവെന്നാരോപിച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കയിലേക്ക് തട്ടിക്കൊണ്ടുപോയത് ലോകത്തെ അമ്പരപ്പിച്ചു. ബജറ്റ് ബില്‍ പാസാകാതെ വന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഷട്ട്ഡൗണിന് കാരണമായതും കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ ‘നോ കിംഗ്‌സ്’പ്രതിഷേധങ്ങള്‍ അരങ്ങേറിയതും തിരിച്ചടിയായി. ഗ്രീന്‍ലന്റ് ഏറ്റെടുക്കാന്‍ പിന്തുണക്കാത്ത രാജ്യങ്ങള്‍ക്ക് അധികതീരുവ ചുമത്തിയതാണ് ഏറ്റവും പുതിയ സംഭവവികാസം.