Headlines

ശബരിമല സ്വർണക്കൊള്ള; പ്രവാസി വ്യവസായിയിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രവാസി വ്യവസായിയിൽ നിന്നും എസ്ഐടി മൊഴിയെടുത്തു. ഇന്നലെ വൈകുന്നേരമാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്നാണ് എസ്ഐടി വിശദമായ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഫോൺ വഴി വിശദാംശങ്ങൾ ചോദിച്ചിരുന്നു. കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രവാസി അന്വേഷണ സംഘത്തിന് കൈമാറിയത്. ചിലരുടെ നമ്പറും കൈമാറിയിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി.

ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിറകിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചെന്ന രമേശ് ചെന്നിത്തലയുടെ പരാതിയിൽ ആരോപണ വിധേയനായ ദുബായ് വ്യവസായിയിൽ നിന്ന് എസ്ഐടി നേരത്തെ മൊഴിയെടുത്തിരുന്നു. കൊള്ളയിൽ ഉൾപ്പെട്ട ഒരാളുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ വ്യക്തിഗത അനുഭവങ്ങൾ വ്യവസായി അറിയിച്ചു. എന്നാൽ, രേഖകൾ ഒന്നും ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.