Headlines

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തെ ഇങ്ങനെ വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി ഡി സതീശന്: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്‍പിഎസ്ടി സമരം, മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം, അധ്യാപകരുടെ സ്ഥലം മാറ്റങ്ങള്‍, ട്രെയിനിങ് തുടങ്ങി വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. എല്‍പിഎസ്ടി സമരത്തെ ഈ വിധത്തില്‍ വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഓടിനടന്ന് നടക്കാത്ത കാര്യങ്ങള്‍ വരെ തങ്ങള്‍ അധികാരത്തിലേറിയാല്‍ നടത്തുമെന്ന് പറഞ്ഞ് നടന്ന ആളാണ് മുഖ്യമന്ത്രി. അതാണ് പ്രതിഷേധങ്ങള്‍ ആളിക്കത്താന്‍ ഇടയാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ( lpst rank holders protest v sivankutty against vd satheesan)

വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത മുസ്ലീം ലീഗിനെതിരെയും രൂക്ഷ വിമര്‍ശനമാണ് വി ശിവന്‍കുട്ടി ഉന്നയിച്ചത്. വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവത്കരിക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങള്‍ക്ക് മുസ്ലീം ലീഗ് പൂര്‍ണമായി കീഴടങ്ങിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. അധ്യാപകര്‍ക്ക് കൃത്യമായി ട്രെയിനിങ് നല്‍കാന്‍ പോലും വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല. തങ്ങള്‍ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ കൃത്യമായ ഇടവേളകളില്‍ ട്രെയിനിങ് നല്‍കിയിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. സെന്‍സസ് പോലുള്ള കാര്യങ്ങള്‍ക്ക് അധ്യാപകര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് വെറുതെയിരിക്കേണ്ടി വന്നിരുന്നില്ല. അന്നൊക്കെ ഡെയിലി വേജസ് അധ്യാപകരെ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കുമായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ ക്ലാസുകളില്‍ വെറുതെയിരിക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ വകുപ്പില്‍ മര്യാദയില്ലാത്ത സ്ഥലംമാറ്റങ്ങള്‍ നടത്തുന്നതായും അദ്ദേഹം ആരോപണമുന്നയിച്ചു. നോംസ് പാലിക്കാതെയുള്ള ഇത്തരം സ്ഥലംമാറ്റങ്ങള്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.