Headlines

ഭരണാനുകൂല സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി; സര്‍വീസ് ചട്ടം ലംഘിച്ച് പൊതുഭരണവകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: ഭരണാനുകൂല സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ഇന്നും നാളെയുമായി നടക്കുന്ന കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അനുമതി നല്‍കിയിരിക്കുന്നത്. (Permission granted for employees to attend a pro-government organization’s conference)

സര്‍വീസ് ചട്ടം ലംഘിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നാണ് വിവരം. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. സംഘടനകളുടെ സമ്മേളനങ്ങളില്‍ ജീവനക്കാര്‍ പങ്കെടുക്കാറുണ്ടെങ്കില്‍പ്പോലും അതിന് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഉത്തരവിനെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്കും സംഘടനയും സമ്മേളനങ്ങളുമുണ്ടെന്നും എന്നിരിക്കിലും അതില്‍ പങ്കെടുക്കുന്നത് ജോലിയെ ബാധിക്കാത്ത തരത്തിലായിരുന്നു എന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കുമ്പോള്‍ ആ ജീവനക്കാര്‍ക്ക് ഹാജറും ശമ്പളവും നല്‍കിയേക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാകണം സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതെന്നും പൊതുഭരണ വകുപ്പിന്റെ ഈ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.