ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ തുടരുന്നു. പ്രതിയെ ഉടൻ ബെംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യും. കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യത. പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും.
ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണം എന്തു ചെയ്തു എന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് പ്രധാനമായും ചോദിച്ചറിയുന്നത്. ഒപ്പം സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ ആരുടെയൊക്കെ സഹായം ലഭിച്ചു, സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് തുടങ്ങിയ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ബെംഗളൂരുവിന് പുറമെ ശബരിമലയിലും ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
കൂടുതൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്കും കടന്നേക്കും. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരായിരുന്ന ഒൻപത് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സ്വർണ്ണപ്പാളികൾ കൊണ്ട് പോയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി അന്വേഷണസംഘത്തിന്റെ പക്കൽ ഉണ്ട്.