തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്. എജിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം മറുപടി ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. ഈ മാസം 22 നാണ് കട്ടിളപ്പാളി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുന്‍ ദേവസ്വം അധികൃതരടക്കം 15 പേര് പ്രതികളായ ഈ കേസില്‍ 13 പേര്‍ക്കെതിരേയും കുറ്റപത്രം നല്കാന് പ്രോസിക്യൂഷന് അനുമതി ആവശ്യമാണ്. എന്നാല്‍, ഇതുവരെ എസ്ഐടി പ്രോസിക്യൂഷന് അനുമതി പോലും തേടിയിട്ടില്ല.
എസ്ഐടി തലവന്‍ എസ്പി എസ് ശശിധരന് നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് അന്ന് കോടതി നിര്‍ദേശിച്ചു. കട്ടിളപ്പാളി കേസില്‍ അന്വേഷണം പൂര്‍ത്തിയായി. ദ്വാരപാലക ശില്പ കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ്. ശാസ്ത്രിയ പരിശോധന ഫലം കൂടി ചേര്‍ത്ത് അന്തിമ റിപ്പോര്‍ട്ട് ഇ മാസം അവസാനത്തോടെ വിചാരണ കോടതിയില്‍ സമര്‍പ്പിക്കാമെന്ന് എസ്ഐടി കോടതിയെ അറിയിക്കുകയായിരുന്നു. എസ്ഐടി അന്വേഷണം ആരംഭിച്ചിട്ട് 11 മാസം പിന്നിട്ടു.







