Headlines

ചിത്തിരപുരത്ത് അനധികൃത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾ മരിച്ച സംഭവം; റിസോർട്ട് സൂപ്പർവൈസർ കസ്റ്റഡിയിൽ

ഇടുക്കി അടിമാലി ചിത്തിരപുരത്ത് അനധികൃത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോർട്ട് സൂപ്പർവൈസർ കസ്റ്റഡിയിൽ. മിസ്റ്റി വണ്ടേഴ്സ് റിസോർട്ടിൻ്റെ സൂപ്പർവൈസറാണ് കസ്റ്റഡിയിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. അപകടത്തിൽ റിസോർട്ട് ഉടമയും പ്രതിയാകും. പള്ളിവാസൽ വില്ലേജ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവൽ പൊലീസിന്റെ നടപടി

റിസോർട്ട് നിർമ്മാണത്തിൽ വ്യാപക അപാകതയാണ് ഉണ്ടായിട്ടുള്ളത്. റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. മാസങ്ങളായി അനധികൃത നിർമ്മാണം തുടർന്നിട്ടും റവന്യൂ വകുപ്പ് ഇടപെട്ടില്ല. ഈ വർഷം ആദ്യമാണ് മിസ്റ്റി വണ്ടേഴ്സ് റിസോർട്ട് നിർമ്മാണം തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. അത് മറികടന്നുകൊണ്ടുള്ള അനധികൃത നിർമ്മാണമാണ് നടന്നിട്ടുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുകൊണ്ട് മണ്ണെടുത്ത് മാറ്റുകയും കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇന്നലെ അത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് 2 തൊഴിലാളികൾ മരണപ്പെട്ടത്.

അതേസമയം, മരണപ്പെട്ട തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ആനച്ചാൽ സ്വദേശി രാജീവ്‌, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.