Headlines

‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരം’ ; വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെതിരെ എഎഐബി

വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെതിരെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദിത്വപരമെന്നും അഹമ്മദാബാദ് വിമാന അപകടത്തില്‍ അന്വേഷണം തുടരുകയാണെന്നും എഎഐബി വ്യക്തമാക്കുന്നു. അഹമ്മദാബാദ് വിമാനദുരന്തത്തില്‍, വിമാനത്തിന്റെ സീനിയര്‍ പൈലറ്റ് എന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.

ഫ്യുവല്‍ സ്വിച്ച് കട്ട് ചെയ്തത് സീനിയര്‍ പൈലറ്റ് സുമീത് സബര്‍വാള്‍ എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടിനെതിരെയാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രതികരിച്ചത്. അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രചാരണങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും എഎഐബി ആവശ്യപ്പെട്ടു.വിമാനത്തിന് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചുള്ള വിവരം നല്‍കുകയാണ് പ്രാഥമിക റിപ്പോര്‍ട്ടിന്റെ ലക്ഷ്യം.ഈ ഘട്ടത്തില്‍ ഒരു അന്തിമ നിഗമനത്തിലേക്ക് എത്തിച്ചേരരുത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ അതില്‍ മൂല കാരണം ഉണ്ടാകുമെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അറിയിച്ചു.

ബ്ലാക്ക് ബോക്സ് പരിശോധിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഉദ്ധരിച്ചാണ് വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതേസമയം, അപകടത്തിന് തൊട്ട് മുമ്പ് വിമാനം ഡല്‍ഹിയില്‍ നിന്നും അഹമ്മദബാദിലേക്ക് പറക്കുന്നതിനിടെ പൈലറ്റ് സ്റ്റെബിലൈസര്‍ പൊസിഷന്‍ ട്രാന്‍സ്ഡ്യൂസര്‍ തകരാര്‍ രേഖപ്പെടുത്തിയിരുന്നതായി വിവരമുണ്ട്.