കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി നിതിന്‍ രാജിനോട് ഡോ. വിനോദ് മണി പ്രിന്‍സിപ്പല്‍ തന്റെ മുറിയില്‍ വച്ച് കയര്‍ത്തതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രിന്‍സിപ്പല്‍ റൂമിനകത്തെ സംഭാഷണങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വിഡിയോയാണ് പുറത്തുവന്നത്. (cctv visuals just before nithin raj’s death out)
പ്രിന്‍സിപ്പല്‍ ഫോണിലെ വിവരങ്ങള്‍ തേടുന്നതും ലോണ്‍ ആപ്പിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതുമായ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഈ സമയത്ത് പ്രിന്‍സിപ്പല്‍ നിതിനോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നതായും കയര്‍ക്കുന്നതായും വിഡിയോയില്‍ കാണാം. അധ്യാപികയുടെ ഫോണിലേക്ക് ലോണ്‍ ആപ്പില്‍ നിന്ന് കോള്‍ വന്നതിനെക്കുറിച്ച് ഉള്‍പ്പെടെ ചോദ്യമുണ്ടായി. പിന്നീട് ഈ അധ്യാപികയുള്‍പ്പെടെ പ്രിന്‍സിപ്പല്‍ മുറിയിലിരിക്കുന്നതും സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. നിതിന്റെ മരണത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പുള്ള നിര്‍ണായക ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ പ്രിന്‍സിപ്പലും നിതിനും കൂടാതെ മറ്റ് മൂന്ന് അധ്യാപകര്‍ കൂടിയുള്ളതായും ദൃശ്യങ്ങളില്‍ കാണാം.ഇന്‍സ്റ്റ പേ ലോണ്‍ ആപ്പില്‍ നിന്നും നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വരുന്നതുമായി ബന്ധപ്പെട്ട് ലത ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുന്നുണ്ട്. ആ സമയത്തും ടീച്ചര്‍ക് കാള്‍ വരുന്നു. പ്രിന്‍സിപ്പല്‍ ലോണ്‍ ആപ്പുകാരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിധിന്‍രാജ് പ്രിന്‍സിപ്പലിന് വിവരിച്ചു നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. ടീച്ചറുടെ നമ്പര്‍ റെഫെറന്‍സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് ആവശ്യപെടുമ്പോഴും, ലോണ്‍ ആപ്പുകാര്‍ ഭീഷണി പെടുത്തുന്നു. പേയ്‌മെന്റ് പൂര്‍ത്തി ആകാതെ ആരുടേയും നമ്പര്‍ ഒഴിവാക്കില്ല എന്ന് പറയുന്നതായും വ്യക്തമാകുന്നുണ്ട്.








