Headlines

ഷോപ്പറില്‍ നിറയെ വെള്ളക്കുപ്പികളുമായി വിരാട് കോലി; ഇന്‍ഡോറിലെ ജലമലിനീകരണം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിനം അല്‍പ്പ സമയത്തിനകം ഇന്‍ഡോറില്‍ നടക്കാനിരിക്കുകയാണ്. ഇതിനിടെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയെ ഉള്‍പ്പെടുത്തി രസകരവും എന്നാല്‍ ഗൗരവമുള്ളതുമായ ഒരു വിഷയം ചര്‍ച്ചയാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. സംഭവം ഇതാണ്. വിരാട് കോലി പരിശീലനത്തിനായി എത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ കൈയ്യില്‍ കണ്ട് ഷോപ്പറില്‍ എന്തായിരിക്കുമെന്നതായിരുന്നു ചര്‍ച്ച. പുറത്തുവന്ന ഒരു വീഡിയോയില്‍ കോലി ഷോപ്പറില്‍ കൊണ്ടു വരുന്നത് ഏതാനും വാട്ടര്‍ബോട്ടിലുകളാണെന്ന് വ്യക്തമാണ്. മത്സരത്തിന് മുന്നോടിയായി ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്തുന്നതിലും ഫിറ്റ്‌നസിലും താരം വളരെ ശ്രദ്ധാലുവാണെന്നായിരുന്നു ആരാധകരുടെ പക്ഷം. കൈയ്യില്‍ പിടിച്ച കവറില്‍ നിറയെ വെള്ളക്കുപ്പികളായതിനാല്‍ ഇന്‍ഡോറിലെ ശുദ്ധജല ലഭ്യതയെ കുറിച്ചുള്ള ആശങ്കകള്‍ കൂടി പങ്കുവെക്കുന്നതാണ് ചില ആരാധകരുടെ പ്രതികരണം.
അതൊന്നുമല്ല വിരാട് കോലി ഫിറ്റ്‌നസ് കാര്യമായി നോക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. 2026-ലെ സീസണിലേക്ക് ആയി ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇവിയന്‍ നാച്ചുറല്‍ സ്പ്രിംഗ് വാട്ടര്‍ പോലുള്ള നിര്‍ദ്ദിഷ്ട പ്രീമിയം വാട്ടര്‍ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കര്‍ശനമായ ആരോഗ്യ പ്രോട്ടോക്കോളുകള്‍ക്ക് തെളിവാണെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തന്റെ ഹോട്ടല്‍ മുറിയിലേക്കായി മൂന്ന് ലക്ഷം രൂപ വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ മെഷീന്‍ കൊണ്ടുവന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരങ്ങള്‍ ഇങ്ങനയൊക്കെ ചെയ്യുന്നത് പതിവാണോ അതോ ഇന്‍ഡോറിലെ പ്രത്യേക സാഹചര്യങ്ങളുമായി ഇത്തരം കാര്യങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നതിനെ കുറിച്ചെല്ലാം ചര്‍ച്ചകള്‍ ഉയരുന്നുണ്ടോ. അതേ സമയം ടീം മാനേജുമെന്റ് മേല്‍പ്പറഞ്ഞ കാര്യങ്ങളിലൊന്നും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.