ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറില്‍ നടന്ന ചടങ്ങില്‍ 26 പേരാണ് മന്ത്രിസ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ഹര്‍ഷ് സങ്‌വി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തര വകുപ്പും ഹര്‍ഷ് സങ്‌വിക്കാണ്. പൊതുഭരണം മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിനാണ്.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജക്കും പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചു. വിദ്യാഭ്യാസ മന്ത്രിയായാണ് റിവാബ ചുമതലയേറ്റത്. ധനകാര്യവും നഗരവികസനവും മന്ത്രി കനുഭായ് മോഹന്‍ലാലിന്. ഋഷികേഷ് ഗണേഷ്ഭായ്‌യാണ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി. എട്ട് ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരെയും മൂന്ന് എസ്‌സി വിഭാഗത്തില്‍ നിന്നുള്ളവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ ആറു പേരെ മാത്രമാണ് പുതിയ മന്ത്രിസഭയില്‍ നിലനിര്‍ത്തിയത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് പുതിയ മന്ത്രിസഭാംഗങ്ങള്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്തു.
മന്ത്രിസഭയിലേക്കുള്ള സര്‍പ്രൈസ് എന്‍ട്രിയായിരുന്നു റിവാബ ജഡേജയുടേത്. 34കാരിയായ റിവാബ 2019ലാണ് ബിജെപി അംഗമായത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നാണ് റിവാബ ജഡേജ വിജയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷന്‍ഭായ് കാര്‍മുറിനെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് റിവാബ തോല്‍പ്പിച്ചത്. 1990ല്‍ രാജ്‌കോട്ടിലാണ് റിവാബ ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനിയര്‍ ആണ്.