ഉത്തര്‍പ്രദേശ് റായ്ബറേലിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ദളിത് യുവാവ് ഹരിഓം വാല്‍മീകിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുപി ഗവണ്‍മെന്റ് യുവാവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും തന്നെ കാണരുതെന്ന് അവരോട് നിര്‍ദേശിച്ചുവെന്നും സന്ദര്‍ശന ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുടുംബം ഒരു കുറ്റവും ചെയ്തിട്ടില്ല. അവര്‍ക്കെതിരെയാണ് കുറ്റകൃത്യം നടന്നത്. എന്നാല്‍ അവരെ കുറ്റവാളികളായി പരിഗണിക്കുകയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അവര്‍ക്ക് അനുവാദമില്ല. അവരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും എന്നെ കാണരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്ന് കുടുംബം എന്നോട് വെളിപ്പെടുത്തി – അദ്ദേഹം പറഞ്ഞു.
രാജ്യമെങ്ങും ദളിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നു. അവരെ കൊലപ്പെടുത്തുന്നു, ബലാത്സംഗത്തിന് ഇരയാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. അവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
അവരെ ബഹുമാനിക്കണം. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം, അവരെ സംരക്ഷിക്കരുത് – രാഹുല്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം രാഹുല്‍ അര മണിക്കൂറോളം ചിലവഴിച്ചു. ഹരിഓമിന്റെ പിതാവ് ഗംഗാദീന്‍, സഹോദരന്‍ ശിവം, സഹോദരി കുസുമം എന്നിവരുമായി സംസാരിച്ചു.
രാഹുല്‍ ഗാന്ധിയെ കാണേണ്ടെന്ന് കുടുംബം പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. കുടുംബത്തിന് വേണ്ടതെല്ലാം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും വിഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഇന്ന് ഫത്തേപൂരില്‍ എത്തുകയായിരുന്നു.