കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ലഹരി താവളം; പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം

കോഴിക്കോട് ബീച്ച് ആശുപത്രി പരിസരം ലഹരിത്താവളമാകുന്നുവെന്ന വാർത്തയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കമ്മീഷൻ ജൂഡിഷ്യൽ അംഗം കെ ബൈജുനാഥ് നിർദേശം നൽകി. നവംബർ 25ന് ചേരുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

ഇഎൻടി വിഭാഗം ബ്ലോക്കിന് പിന്നിലെ ചുമരിലാണ് സിറിഞ്ച് ഉപയോഗത്തിന് ശേഷമുളള ചോരപ്പാടുകൾ നിറഞ്ഞിരിക്കുന്നത്. രാത്രിയാകുമ്പോൾ ആശുപത്രി പരിസരത്തേക്ക് അതിക്രമിച്ച് കയറുന്ന ലഹരി ഉപയോഗിക്കുന്നവർ രോഗികൾക്കും ആശങ്കയാണ്. മെഡിക്കൽ കോളജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന ആഹുപത്രികളിൽ ഒന്നാണിത്.

പലപ്പോഴായും ലാബിലേക്ക് അതിക്രമിച്ച് കയറി സിറിഞ്ച് എടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാർ തന്നെ സമ്മതിക്കുന്നു. ലഹരി സംഘം ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങൾ പോലും ആശുപത്രിയിലെ ശുചീകരണതൊഴിലാളികൾ വൃത്തിയാക്കേണ്ട അവസ്ഥയാണ്.