ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും, പരിപാടി നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം.
തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ മഹേന്ദ്ര കുമാറാണ് ഹര്‍ജി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ വി ഗിരിയാണ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുന്നത്. സമാന ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ്
സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പാരിസ്ഥിതികമായ കാരണങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളും മനസിലാക്കി അയ്യപ്പ സംഗമം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പമ്പാ തീരം ഒരു പരിസ്ഥിതി ലോല മേഖലയാണ്. വലിയ ജനപങ്കാളിത്തത്തോടെ പരിപാടികള്‍ നടത്തുന്നത് പരിസ്ഥിതിയെ സമ്മര്‍ദത്തിലാക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പ സംഗമത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനാല്‍ സംഗമം കോടതി തടയണമെന്നും ഹര്‍ജിക്കാരന്‍ അഭ്യര്‍ത്ഥിക്കുന്നു.





