Headlines

രണ്ട് ട്രെയിനുകളിലായി എത്തി ഭക്തർ, പിന്നാലെ ദുരന്തം; ബിഹാറിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 7 മരണം

പട്ന ∙ ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 7 ഭക്തർ മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ജലാഭിഷേകം നടത്താനായി അരലക്ഷത്തിലധികം ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് ഇന്ന് രാവിലെ ഉണ്ടായതെന്ന് ലഖിസറായി ജില്ലാ മജിസ്‌ട്രേട്ട് ശൈലേന്ദ്ര കുമാർ പറഞ്ഞു.
രാവിലെ 6.30നും 6:45നും ഇടയിൽ ക്ഷേത്രത്തിന് അടുത്തുള്ള അശോക് ധാം റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ട് ട്രെയിനുകളിൽ ആയിരക്കണക്കിനു ഭക്തർ എത്തി. ഇവരെത്തിയതോടെ ക്ഷേത്രത്തിൽ തിരക്ക് വർധിച്ചതായും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ജനത്തിരക്ക് മുൻകൂട്ടി കണ്ട് ജില്ലാ ഭരണകൂടം ക്രമീകരണങ്ങൾ ചെയ്തെങ്കിലും തിരക്ക് വർധിച്ചപ്പോൾ ബാരിക്കേഡുകൾ തകർന്ന് ആളുകൾ നിലത്തേക്കു വീഴുകയായിരുന്നു.
അതേസമയം, വീണുകിടന്ന വൈദ്യുത പോസ്റ്റിൽനിന്ന് വൈദ്യുതപ്രവാഹം ഉണ്ടെന്ന പ്രചാരണത്തെ തുടർന്നുള്ള തിക്കിലും തിരക്കിലും അപകടമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരുമെന്നും റിപ്പോർട്ടുണ്ട്. കൂടുതലും സ്ത്രീകൾക്കാണ് പരുക്കേറ്റത്. രക്ഷാപ്രവർത്തനം തുടരുകയാണ്.