Headlines

ട്രെയിനിലെ ഭക്ഷണത്തിന്റെ അമിത വില ചോദ്യം ചെയ്തു; യാത്രക്കാരന് പാന്‍ട്രി ജീവനക്കാരന്റെ മര്‍ദനം

ട്രെയിനില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ പാന്‍ട്രി ജീവനക്കാര്‍ മര്‍ദിച്ചു. വരാവല്‍ ജബല്‍പൂര്‍ എക്‌സ്പ്രസ്സില്‍ ആണ് സംഭവം. ജീവനക്കാരന്റെ കരാര്‍ റദ്ദാക്കിയതായി റെയില്‍വേ പിന്നാലെ അറിയിച്ചു.

ഉത്തരേന്ത്യന്‍ ട്രെയിനുകളില്‍ പാന്‍ട്രി ജീവനക്കാര്‍ യാത്രക്കാരെ ആക്രമിക്കുന്നത് ആദ്യ സംഭവമല്ല. വേരാവലില്‍ നിന്ന് ജബല്‍പൂരിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ വഡോദരയില്‍ എത്തിയപ്പോഴാണ് പുതിയ സംഭവം. ഐആര്‍സിടിസി നിരക്കിനു മുകളില്‍ പണം ഈടാക്കിയത് ചോദ്യം ചെയ്തതാണ് പാന്‍ട്രി ജീവനക്കാരെ പ്രകോപിതരാക്കിയത്.

സംഘമായി എത്തി യാത്രക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെയാണ് പ്രതികരണവുമായി റെയില്‍വേയും എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ജീവനക്കാരുടെ കരാര്‍ റദ്ദാക്കി എന്നും ആയിരുന്നു പ്രതികരണം. മര്‍ദ്ദനം നടന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കണം എന്നാ ആവശ്യം ശക്തമാവുകയാണ്.