ബിഹാറില്‍ ഗുണ്ടാചേരിപ്പോര്. പരോളിലിറങ്ങി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തടവുകാരനെ വെടിവെച്ച് കൊല്ലാന്‍ ശ്രമം. എതിര്‍ ചേരിയില്‍പ്പെട്ട ആളുകളാണ് ചന്ദന്‍ മിശ്രയെന്ന കൊടുംകുറ്റവാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമികള്‍ക്ക് പൊലീസിന്റെ സഹായം ലഭിച്ചോയെന്നതടക്കം പരിശോധിക്കുമെന്ന് പട്‌ന ഐജി വ്യക്തമാക്കി
പട്ടാപ്പകല്‍ ആശുപത്രിയ്ക്കുള്ളിലെ ഗുണ്ടാക്കുടിപ്പകയുടെ ഞെട്ടലിലാണ് ബിഹാര്‍.പട്‌ന പരസ് ആശുപത്രിയിലെ ഐസിയുവില്‍ വെച്ചാണ് നാലംഗ സംഘം ചന്ദന്‍ മിശ്രയ്ക്ക് നേരെ വെടിയുതിര്‍ത്തത്. നിരവധി കൊലപാതക, ആക്രമണ കേസുകളില്‍ പ്രതിയായ ചന്ദന്‍, 2011ലെ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു.രോഗബാധിതനായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
15 ദിവസത്തെ പരോള്‍ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് പോലീസ് സുരക്ഷയിലായിരുന്ന ചന്ദന് നേരെ ആക്രമണമുണ്ടായത്. മൂന്ന് തവണ വെടിയേറ്റ ചന്ദന്റെ നില ഗുരുതരമായി തുടരുകയാണ്. അക്രമികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വെടിവെയ്പ്പില്‍ രാഷ്ട്രീയപോരും ശക്തമായി. ബിഹാറില്‍ ഐസിയുവില്‍ പോലും ആരും സുരക്ഷിതരല്ലെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമര്‍ശിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.