Headlines

കണ്ണൂരിൽ RSS പ്രവർത്തകർക്കെതിരെ ബോംബെറ്; 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാവിധി നാളെ

കണ്ണൂർ തിമിരി ബോംബേറ് കേസിൽ 10 CPIM പ്രവർത്തകർ കുറ്റക്കാർ. ആർഎസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറിഞ്ഞ കേസിലാണ് വിധി. സിപിഐഎം മുൻ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി വി ബാബുരാജ് ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. ശിക്ഷ തളിപ്പറമ്പ് അഡി സെഷൻസ് കോടതി നാളെ വിധിക്കും. 2011 നവംബർ 27ന് വൈകിട്ട് ആയിരുന്നു ബോംബേറ് ഉണ്ടായത്.

2011 നവംബർ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവർ കോളേജിന് സമീപം വച്ച് ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർക്ക്നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ബോംബേറിൽ കലാശിച്ചത്. സംഭവത്തിന് തലേ ദിവസം ഇവിടെ CPIM, ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു.

ഇതിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവർത്തകരെ പിറ്റേ ദിവസം വാഹനങ്ങളിൽ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോവുകയായിരുന്ന ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 30 ഓളം പ്രവർത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി.രാമചന്ദ്രൻ, എ.ടി.സന്തോഷ്, ചന്ദ്രൻ, ജോജി ഫിലിപ്പ്, ലാൽകൃഷ്ണൻ, എം.സി.നാരായണൻ, എം.കെ.മുരളി, ഷിജിൽ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശൻ ഹാജരായി.