ക്ഷാമബത്ത അവകാശമല്ലെന്ന സത്യവാങ്ങ്മൂലത്തിന് എതിരെ സിപിഐ സർവീസ് സംഘടന.ക്ഷാമബത്ത ഔദാര്യമല്ല അവകാശമാണെന്ന് ജോയിന്റ് കൗൺസിൽ വ്യക്തമാക്കി.ഇടത് നയത്തിന് വിരുദ്ധമായി സത്യവാങ്ങ്മൂലം നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ഇക്കാര്യത്തിൽ സർക്കാരിന് നിഷേധാത്മക സമീപനം ഇല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
ക്ഷാമബത്ത (ഡിഎ) ജീവനക്കാരുടെ അവകാശമല്ലെന്നും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. നിയമപരമായി നിർബന്ധമായും നൽകേണ്ട ആനുകൂല്യമല്ല ഡിഎ. ഇത് നൽകുന്നകാര്യത്തിൽ സമയപരിധി പറയാനാകുന്ന സാമ്പത്തികാവസ്ഥയിലല്ല ഇപ്പോഴെന്നും ഹൈക്കോടതിയിൽ സർക്കാർ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി കെ.എ. നവാസാണ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി.കെ. ബാബുവഴി സത്യവാങ്മൂലം ഫയൽചെയ്തത്.






