Headlines

‘സമസ്ത ലീഗിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടാകും, ജമാഅത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ല’: പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ജമാ അത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ സമസ്ത മുസ്ലീം ലീഗിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു. (panakkad munavvar ali shihab thangal on samastha).യുഡിഎഫ് ഭരണത്തില്‍ തിരിച്ചുവരുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യുഡിഎഫ് ആരംഭിച്ച് കഴിഞ്ഞു. ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ പ്രതിഫലനം ഈയടുത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. യുഡിഎഫ് ജയിക്കുക എന്നതാണ് പ്രധാനം. സീറ്റുകള്‍ തരുന്നത് പാര്‍ട്ടിയാണ്. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് യൂത്ത് ലീഗിന്റേയും പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.സമസ്തയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുനവറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. സമയമാകുമ്പോള്‍ ഐക്യത്തിലേക്കെത്തും. യൂത്ത് ലീഗ് ജമാ അത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെപ്പോലെ വിഷം പരത്തുന്ന ആളുകള്‍ക്ക് സമൂഹം മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.