ഗാന്ധിനിന്ദ തുടരുന്ന ബിജെപി സർക്കാരിനെ പ്രതിഷേധിക്കുമെന്ന് ഷാഫി പറമ്പിൽ എം പി. കേന്ദ്ര സർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് കേന്ദ്രം മാറ്റുകയാണ്. പുതിയ പേര് വികസിത ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ( ഗ്രാമീൺ) എന്നാക്കും എന്നാണ് പുതിയ ബില്ലിൽ പറയുന്നത്.
ഇപ്പോൾ പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് വെട്ടുന്നത് ഗാന്ധിനിന്ദയാണ്. അദ്ദേഹത്തിന്റെ ഓർമകളോടുള്ള അവഹേളനമാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ ഗാന്ധിജിയുടെയും നെഹ്‌റുജിയുടെയും ധീരപൈതൃകത്തോട് കാണിക്കുന്ന അവഹേളനത്തിന്റെ ഏറ്റവും നിന്ദ്യമായ രൂപമാണിത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ശക്തമായി പ്രതിഷേധിക്കുന്നു.
ഈ നീക്കം രാഷ്ട്രപിതാവിനെ അപമാനിക്കുന്നതാണ്. അധികാരത്തിൽ വന്നത് മുതൽ ഗാന്ധിനിന്ദ തുടരുന്ന ബിജെപി സർക്കാരിനെ നമ്മൾ ഇതനുവദിച്ചാൽ അടുത്ത നീക്കം മഹാത്മാഗാന്ധി രാഷ്ട്രപിതാവ് അല്ല എന്ന് പ്രഖ്യാപിക്കൽ ആകും. സഭയ്ക്കകത്തും പുറത്തും പ്രതിഷേധമുണ്ടാകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.







