‘ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ, വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് പോയത് പൊലീസ് തന്നെയോ എന്നുപോലും ഉറപ്പില്ല’: വിമര്‍ശനവുമായി അഭിഭാഷകന്‍
നോട്ടീസ് നല്‍കാതെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തതെന്ന് ഉണ്ണികൃഷ്ണന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാര്‍. വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് പോയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടുകാര്‍ പറഞ്ഞ് മാത്രമാണ് അറിവെന്നും കൊണ്ടുപോയത് പൊലീസാണോ വേറെ ആരെങ്കിലുമാണോ എന്ന് പോലും വ്യക്തതയില്ലാത്ത അവസ്ഥയാണെന്നും അഭിഭാഷകന്‍ വിമര്‍ശിച്ചു
കസ്റ്റഡിയില്‍ വച്ച് അദ്ദേഹത്തെക്കൊണ്ട് ഇനി വല്ല നോട്ടീസിലും ഒപ്പിടുവിക്കുമോ എന്ന് തനിക്കറിയില്ലെന്നും കൊണ്ട് പോകുന്നതിന് മുന്‍പ് നോട്ടീസ് നല്‍കിയിരുന്നില്ലെന്നും അഭിഭാഷകന്‍ ട്വന്റിഫോറിനോട് വിശദീകരിക്കുന്നു. വീട്ടില്‍ നിന്ന് പെട്ടെന്ന് ഇറക്കിക്കൊണ്ടുപോയത് ആരെന്നോ എന്തിനെന്നോ എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ ആര്‍ക്കും അറിയാത്ത സ്ഥിതിയാണ്. കാര്യകാരണങ്ങള്‍ അറിയിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയാണല്ലോ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയില്‍ നിന്നും ബാംഗ്ലൂര്‍ എത്തിച്ച സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ശബരിമല സന്നിധാനത്തും ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ണായക പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുന്നത് മണിക്കൂറുകളോളം നീളുകയാണ്.