ലണ്ടന്‍: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ ലണ്ടന്‍ സന്ദര്‍ശനത്തില്‍ ആരാധകരെ കാണുന്ന പരിപാടി അവസാന നിമിഷം റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ ദി ഷാര്‍ഡ് ഹോട്ടലിന് മുന്നിലെത്തി ആരാധകരെ കാണാനായിരുന്നു തീരുമാനം.
നൂറുകണക്കിന് ആരാധകരും ടിവികെ പ്രവര്‍ത്തകരും എത്തിയതോടെയാണ് മെട്രോപൊളിറ്റന്‍ പൊലിസ് പരിപാടിയ്ക്ക് അനുമതി നിഷേധിച്ചത്. ആളുകളെ നിയന്ത്രിയ്ക്കാന്‍ ബുദ്ധിമുട്ടായ സാഹചര്യം കണക്കിലെടുത്തായിരുന്നു നടപടി. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ആരാധകരും പ്രവര്‍ത്തകരും പിരിഞ്ഞ് പോയത്. ലണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സി ജോസഫ് വിജയ് ഇന്ന് തിരികെ തമിഴ് നാട്ടിലെത്തും.
അതേസമയം, വിജയ്‌യുടെ ലണ്ടന്‍ സന്ദര്‍ശനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴി വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം, ചെലവ്, സുതാര്യത എന്നിവ സംബന്ധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ഉന്നയിക്കുന്നത്.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും വിജയ്യുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ തേടി. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെ, യാത്രയ്ക്കായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചിരുന്നോ, തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ലക്ഷ്യമിട്ടിരുന്ന നിക്ഷേപങ്ങള്‍ ഏതൊക്കെ എന്നെല്ലാമാണ് പ്രതിപക്ഷം ചോദിക്കുന്നത്. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ വിമര്‍ശിച്ചു.








