കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹർജിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. അസാധാരണമായ സാഹചര്യത്തിൽ മാത്രമേ അടച്ചിട്ട കോടതിയിൽ വിചാരണ അനുവദിക്കാറുള്ളുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിലവിൽ പ്രതികൾ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങൾ അടിസ്ഥാന രഹിതമെന്ന് പ്രോസിക്യൂഷൻ. ഒക്ടോബറിൽ സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജി.
എട്ട് വർഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്. ഒക്ടോബർ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം പൂർത്തിയാക്കാനും ഡിസംബർ 6 നകം വിചാരണ പൂർത്തിയാകണമെന്നും കോടതി പറഞ്ഞിരുന്നു. ആദ്യ 15 പ്രതികളുടെ വിചാരണയാണ് നടക്കുന്നത്. അഭിമന്യു കേസ് ആകെ 70 തവണ കോടതിയിൽ വിളിച്ചപ്പോൾ രണ്ടുതവണ മാത്രമാണ് പ്രതികൾ മുഴുവനായി ഹാജരായത്.
2018 ജൂലായ് രണ്ടിനാണ് അഭിമന്യൂ കൊല്ലപ്പെടുന്നത്. ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്‌ഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം കേസിന്റെ ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. സംഭവത്തിലുൾപ്പെട്ടവരെ പിടികൂടുന്നതിലും താമസമുണ്ടായി.








