ദേശീയപാതയിൽ യാത്രാദുരിതം; ചാലക്കുടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

തൃശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ ചാലക്കുടി പട്ടണത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ഗതാഗതതടസ്സം ഇപ്പോഴും തുടരുകയാണ്. പ്രധാന പാതയിൽനിന്ന് വരുന്ന വാഹനങ്ങൾ മറ്റു വഴികളിലേക്ക് പ്രവേശിക്കുന്നതോടെ നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതം സ്തംഭിച്ചു.

പ്രത്യേകിച്ച് മുരിങ്ങൂർ ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണ്. മണിക്കൂറുകളായി കാത്തുകെട്ടി കിടക്കുന്ന യാത്രക്കാർ കടുത്ത ദുരിതത്തിലാണ്. ദേശീയപാതയിലെ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാത്തതാണ് ഈ ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.

ഇന്നലെ സർവീസ് റോഡിലെ കുഴിയിൽ തടിലോറി വീണുണ്ടായ അപകടം ഗതാഗതക്കുരുക്ക് കൂടാൻ കാരണമായി. അപകടത്തിൽ ആർക്കും പരിക്കുകളില്ല. മഴ ശക്തമായതോടെ സർവീസ് റോഡുകളിൽ കൂടി വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

​ഈ വിഷയത്തിൽ നാട്ടുകാരും ട്രാഫിക് പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. സർവീസ് റോഡുകളുടെ പണി പൂർത്തിയാക്കി ഈ യാത്രാദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.