Headlines

ധൻബാദ് എക്സ്പ്രസിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിൽ രക്തക്കറ കണ്ടെത്തി, അന്വേഷണം വ്യാപിപിച്ച് പൊലീസ്

ധൻബാദ് എക്സ്പ്രസിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ട്രെയിനിലെ എസ് 4കോച്ചിലെ സീറ്റിൽ രണ്ടിടങ്ങളിലായി രക്തക്കറ കണ്ടെത്തി. ഇത് കുഞ്ഞിന്റേതാണോ എന്നകാര്യം പരിശോധിക്കും. ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിച്ചത് ആലുവയ്ക്കും ആലപ്പുഴയ്ക്കും ഇടയിലെന്നാണ് പ്രാഥമിക നിഗമനം. ആലുവ – ആലപ്പുഴ റൂട്ടിലെ ആശുപത്രികളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് മൊഴിയെടുക്കാനാണ് തീരുമാനം. അതിൽ തന്നെ സ്ത്രീ യാത്രക്കാരുടെ പേരുകൾ വേർതിരിച്ച് മൊഴി രേഖപ്പെടുത്തും. ട്രെയിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ഉപേക്ഷിക്കപ്പെട്ട ഭ്രൂണത്തിന് ഏകദേശം നാല് മാസം വളർച്ചയാണ് ഉള്ളത്.

അതേസമയം, ആലപ്പുഴ ധൻബാദ് എക്സ്പ്രസിന്റെ സർവീസിന് ശേഷം കോച്ചുകളിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഭ്രൂണം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത റെയില്‍വെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.