Headlines

‘എഴുന്നേറ്റ് ചീത്ത വിളിക്കുന്നതാണ് എം എം മണിയുടെ രീതി, പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ല’; മന്ത്രി ഷിബു ബേബി ജോൺ

 

വനംവകുപ്പിനെതിരായ എം.എം. മണിയുടെ പ്രസ്‌താവനയിൽ മറുപടിയുയമായി വനം മന്ത്രി ഷിബുബേബി ജോൺ. പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ല. എഴുന്നേറ്റ് ചീത്ത വിളിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. അങ്ങനെ അത് ശീലിച്ചുപോയി. അതിന് മറുപടി പറഞ്ഞ് സമയംകളയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഒത്തിരി ജോലിയുണ്ട്.

 

 

അങ്ങേർക്കൊക്കെ മറുപടി പറഞ്ഞ് സമയം കളയാനാകുമോ? അദ്ദേഹത്തിന്റെ പ്രായംവെച്ച് ഓരോരുത്തർ പോയി ഓരോന്ന് ചോദിക്കും. അദ്ദേഹത്തിന് എന്റെ പേരുപോലും അറിയില്ല. ചോദിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് അറിയാവുന്നത്. അങ്ങനെ അത് ശീലിച്ചുപോയി. അതിന് മറുപടിപറഞ്ഞ് സമയംകളയാനാകുമോ- ഷിബു ബേബി ജോൺ ചോദിച്ചു.

 

കൊല്ലത്തെ ഓഷ്യനേറിയം പദ്ധതി നിലവിൽ മുടങ്ങിക്കിടക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടുപോകും. പദ്ധതി പുനരാരംഭിക്കാൻ കളക്ടർക്ക് നിർദേശങ്ങൾ നൽകി. 6 ഏക്കർ സ്ഥലത്ത് ആണ് ഓഷ്യനേറിയം നിർമിക്കുക. കാട്ടാനയെ തുരത്താൻ വന അതിർത്തികളിലെ ചക്ക നേരത്തെ പറിക്കും. കാട്ടാനകൾക്ക് ഏറ്റവും ബലഹീനതയുള്ളത് ചക്കയുടെ കാര്യത്തിൽ. വന അതിർത്തിയിൽ ഉള്ള പ്ലാവ് വെട്ടി കളയണം എന്ന് പറയാൻ കഴിയില്ല. അതിനാൽ പുതിയ ഒരു പരീക്ഷണം കൊണ്ടുവരും. പലരും ഇതിനെ പരിഹസിക്കുന്നുണ്ട്. ഇതുകൊണ്ട് മാത്രം ആന വരാതിരിക്കില്ല. ഇത് ഒരു പരീക്ഷണം മാത്രം. പൈലറ്റ് പ്രോജക്ട് ആയിട്ടാണ് ചിലയിടങ്ങളിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. വിജയിച്ചാൽ വ്യാപിപ്പിക്കാം എന്നാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

 

സി.പി.ഐ. എം. നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു എം.എം. മണിയുടെ വെല്ലുവിളി. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്’ എന്നായിരുന്നു എം.എം. മണിയുടെ പ്രസ്താവന.