സിബിഎസ്ഇ / ഐസിഎസ്ഇ ‘ജാതിരഹിത’ സർട്ടിഫിക്കറ്റ് ബുദ്ധിമുട്ടാകുമെന്ന് ആശങ്ക; ആനുകൂല്യങ്ങൾ കിട്ടാൻ തടസ്സം ഉണ്ടാകും

 

പത്തനംതിട്ട ∙ സിബിഎസ്ഇ / ഐസിഎസ്ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥികളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും രേഖപ്പെടുത്താത്ത രീതി, സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ പ്രായോഗിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക. എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.ഉന്നതവിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പുകൾ, സർക്കാർ നിയമനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കു നിലവിൽ ജാതി രേഖ ആവശ്യമാണ്. നിലവിൽ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ പഠിച്ചവർ ജാതി, നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റാണു ജാതി തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കുന്നത്.സിബിഎസ്ഇ/ ഐസിഎസ്ഇ സിലബസിൽ വിദ്യാഭ്യാസം നേടിയ മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നതോടെ സാഹചര്യം മാറും. ഇരുവരുടെയും പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിൽ ജാതി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ കുട്ടികൾക്ക് ജാതി തെളിയിക്കുന്നതിനുള്ള അടിസ്ഥാന രേഖകൾ ഹാജരാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നാണു ആശങ്ക.

 

പ്രശ്നപരിഹാരത്തിനു വ്യക്തമായ മാർഗനിർദേശങ്ങളും ബദൽരേഖ സംവിധാനവും സർക്കാർ ഒരുക്കണമെന്ന് ആവശ്യമുണ്ട്.