Headlines

നിമിഷപ്രിയ കേസ്; ‘മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ല’; തലാലിന്റെ സഹോദരൻ

നിമിഷ പ്രിയയുടെ വധശിക്ഷയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. സമ്മർദ്ദത്തെ തുടർന്ന് നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എത്ര സമയമെടുത്താലും വധശിക്ഷ നടപ്പാക്കും വരെ കാത്തിരിക്കുമെന്നും അബ്ദുൽ ഫത്താഹ് മഹദിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അനുരഞ്ജനത്തിനുള്ള ശ്രമത്തോട് പൂർണ്ണമായി വിസമ്മതിക്കുന്നുവെന്ന് അബ്ദുൽ ഫത്താഹ് മഹദി വ്യക്തമാക്കി.

വധശിക്ഷ നീട്ടിയ നടപടി സങ്കടം ഉണ്ടാക്കുന്നതാണെന്ന് അബ്ദുൽ ഫത്താഹ് മഹദി പറയുന്നു. യാതൊരു തരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും വഴങ്ങില്ലെന്നും തങ്ങളുടെ നിലപാടിൽ ഒരു മാറ്റവും ഈ സമ്മർദ്ദം ഉണ്ടാക്കില്ല എന്നും തലാലിന്റെ സഹോദരൻ പറയുന്നു. വധശിക്ഷ തീയതി തീരുമാനിച്ചതിനു ശേഷം പിന്നീട് അത് മാറ്റിവെച്ചത് ഏറെ ദൗർഭാഗ്യകരമാണെന്ന് അബ്ദുൽ ഫത്താഹ് മഹദി പറഞ്ഞു. നിലപാടിൽ മാറ്റമുണ്ടാകില്ല എന്നും വധശിക്ഷ നടപ്പാക്കുന്നത് വരെ കാത്തിരിക്കുമെന്നും അദേഹം പറയുന്നു.

വധശിക്ഷ നടപ്പാക്കിയാൽ മാത്രമേ തങ്ങൾക്ക് നീതി ഉറപ്പാക്കാനാകൂ എന്നും രക്തം വില കൊടുത്ത് വാങ്ങാനാകില്ല എന്നുമുള്ള വൈകാരികമായ ഒരു ആ കുറിപ്പാണ് ‌അബ്ദുൽ ഫത്താഹ് മഹദി ഫേസ്ബുക്കിൽ പങ്കുവെച്ചത്. തലാലിന്റെ കൊലപാതകം ക്രൂരമായ ഒരു കൊലപാതകമായിരുന്നെന്നാണ് സഹോദരൻ പറയുന്നത്. അതിനാൽ ഈ വിഷയത്തിൽ ദൈവ നീതി നടപ്പാക്കേണ്ടതുണ്ട്. കൊലപാതകത്തോടൊപ്പം തന്നെ വിചാരണ അടക്കമുള്ള നിയമപരമായ നടപടികൾ നീണ്ടുപോയതിലൂടെ തങ്ങൾക്ക് മാനസികമായ സംഘർഷം ഉണ്ടായതായും സഹോദരൻ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മൃതദേഹം വികൃതമാക്കുകയും ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നടക്കമുള്ള രോക്ഷം അദ്ദേഹം ബിബിസിയോട് പങ്കുവച്ചിരുന്നു.

നടക്കാനിരുന്ന വധശിക്ഷ നീട്ടിവെക്കുന്ന ഒരു സാഹചര്യം ഉണ്ടായെങ്കിലും തലാലിൻറെ കുടുംബത്തെ അനുനയിപ്പിക്കാനോ നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകുന്ന ഒരു തീരുമാനത്തിലേക്ക് അവരെ എത്തിക്കാനോ ഇതുവരെയുള്ള ചർച്ചകളിൽ കഴിഞ്ഞിട്ടില്ല.അതേസമയം തലാലിൻറെ കുടുംബാംഗങ്ങൾ മറ്റു പലർക്കും അനുകൂലമായ ഒരു പ്രതികരണം ഉണ്ട് എന്ന തരത്തിലാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ശ്രമങ്ങൾ ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണ്.