എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പരിപാടിക്ക് ദിലീപ്; എതിർപ്പിന് പിന്നാലെ പിന്മാറി നടൻ

വിവാദങ്ങൾക്കിടെ എറണാകുളത്തെ ക്ഷേത്രപരിപാടിയിൽ നിന്ന് പിന്മാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ദിലീപ് പിന്മാറിയത്. ദിലീപിനെ പങ്കെടുപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങളിൽ എതിർപ്പുണ്ടായെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. നാളെ നിശ്ചയിച്ചിരുന്ന പരിപാടി ബുധനാഴ്ച നടക്കും. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ നിർദേശം നൽകി കൊച്ചിൻ ദേവസ്വം ബോർഡ്.

അതേസമയം, ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം വനിതാ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ആര്‍ ശേഖറാണ് പ്രതിഷേധം ഉയര്‍ത്തിയത്. അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ ദിലീപിന്റെ സിനിമ കാണാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ ഗൂഢാലോചന കുറ്റവും ബലാത്സംഗത്തിനായി ക്വട്ടേഷന്‍ നല്‍കിയെന്നും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിചാരണകോടതി കുറ്റവിമുക്തനാക്കിയത്. കേസില്‍ ആറ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. വിധിയില്‍ അപ്പീല്‍ പോകാനുള്ള നീക്കത്തിലാണ് സര്‍ക്കാരും അതിജീവിതയും.