ജെഫ്രി എപ്സ്റ്റീൻ ഇ-മെയിൽ വിവാദം; ഡമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

ജെഫ്രി എപ്സ്റ്റീൻ ഇ-മെയിൽ വിവാദത്തിൽ ഡമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡമോക്രാറ്റുകൾ മൂലമുണ്ടായ സർക്കാർ ഷട്ട്ഡൗണിൽ നിന്നും മറ്റ് പരാജയങ്ങളിൽ നിന്നും ശ്രദ്ധ മാറ്റാനാണ് തനിക്കെതിരെ എപ്സ്റ്റീൻ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.

എപ്സ്റ്റീൻ ഡമോക്രാറ്റായിരുന്നുവെന്നും ബിൽ ക്ലിന്റൺ, ലാറി സമ്മേഴ്‌സ്, റീഡ് ഹോഫ്മാൻ, ജെ പി മോർഗൻ, ചേസ് തുടങ്ങിയവരുമായി എപ്സ്റ്റീനുണ്ടായിരുന്ന ബന്ധത്തെപ്പറ്റി അന്വേഷിക്കാൻ താൻ അഡ്വക്കേറ്റ് ജനറൽ പാം ബോണ്ടിയോടും നീതിന്യായവകുപ്പിനോടും എഫ്ബിഐയോടും ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. .ഈ ആളുകൾ എപ്സ്റ്റീനൊപ്പം ,അയാളുടെ ദ്വീപിലാണ് ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചതെന്നും ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റിക് പാർട്ടിക്കാർ പുറത്തുവിട്ട ജെഫ്രി എപ്സ്റ്റീന്റെ നിർണായക ഇ-മെയിലുകളിൽ ട്രംപിന്റെ പേര് പലവട്ടം പരാമർശിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. എപ്സ്റ്റീന്റെ ലൈംഗിക കടത്തിന് ഇരയായ സ്ത്രീയുമായി ട്രംപ് മണിക്കൂറുകൾ ചെലവിട്ടുവെന്ന് ഇ-മെയിലിലുണ്ട്.

2019ൽ ആത്മഹത്യ ചെയ്യുന്നതിനു മുമ്പായി 15 വർഷത്തിനിടെ ജെഫ്രി എപ്സ്റ്റീൻ തന്റെ കൂട്ടാളിയായ ഗിസ്സൈൻ മാക്‌സ്‌വെല്ലിനും എഴുത്തുകാരൻ മൈക്കിൾ വുൾഫിനും അയച്ച കത്തുകളും ഇ-മെയിലുകളുമാണ് പുറത്തുവന്നിരിക്കുന്നത്. ആരോപണങ്ങൾ പ്രസിഡന്റിനെ കരിവാരിത്തേയ്ക്കാനുള്ള ശ്രമങ്ങളാണെന്നും ട്രംപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞിരുന്നു.