Headlines

ട്രംപിന് കുരുക്കായി ജെഫ്രി എപ്സ്റ്റീന്റെ ഇ-മെയിലുകൾ; പലവട്ടം പേര് പരാമർശിച്ചതായി റിപ്പോർട്ട്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കുരുക്കായി ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഇ-മെയിലുകൾ. ഡെമോക്രാറ്റിക് പാർട്ടിക്കാർ പുറത്തുവിട്ട ജെഫ്രി എപ്സ്റ്റീന്റെ നിർണായക ഇ-മെയിലുകളിൽ ട്രംപിന്റെ പേര് പലവട്ടം പരാമർശിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ.എപ്സ്റ്റീന്റെ ലൈംഗിക കടത്തിന് ഇരയായ സ്ത്രീയുമായി ട്രംപ് മണിക്കൂറുകൾ ചെലവിട്ടുവെന്ന് ഇ-മെയിലിലുണ്ട്.

2019ൽ ആത്മഹത്യ ചെയ്യുന്നതിനു മുമ്പായി 15 വർഷത്തിനിടെ ജെഫ്രി എപ്സ്റ്റീൻ തന്റെ കൂട്ടാളിയായ ഗിസ്സൈൻ മാക്‌സ്‌വെല്ലിനും എഴുത്തുകാരൻ മൈക്കിൾ വുൾഫിനും അയച്ച കത്തുകളും ഇ-മെയിലുകളുമാണ് പുറത്തുവന്നിരിക്കുന്നത്. ആരോപണങ്ങൾ പ്രസിഡന്റിനെ കരിവാരിത്തേയ്ക്കാനുള്ള ശ്രമങ്ങളാണെന്നും ട്രംപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.

ഡെമോക്രാറ്റുകൾ പുറത്തുവിട്ട ഇ-മെയിലിൽ മറച്ചുവയ്ക്കപ്പെട്ട ഇര ആത്മഹത്യ ചെയ്ത വിർജീനിയ ജെഫ്രിയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വിർജീനിയ ജെഫ്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.കഴിഞ്ഞ മാസം വിർജീനിയ ജെഫ്രിയുടെ ആത്മകഥയായ നോബഡീസ് ഗേൾ മരണാനനന്തരം പുറത്തുവന്നിരുന്നു.