Headlines

‘ബന്ദികളുടെ മൃതദേഹം വിട്ട് നൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നു; സഹായം നിർത്തിവെയ്ക്കും’; ഇസ്രയേൽ

ഗസ്സ സമാധാന ചർച്ചകൾ വഴിമുട്ടുന്നു. ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നുവെന്ന് ഇസ്രയേൽ. റാഫ അതിർത്തി തുറക്കില്ലെന്നും സഹായം നിർത്തിവെയ്ക്കുമെന്നും ഇസ്രയേൽ അറിയിച്ചു. 28 ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങളിൽ നാലെണ്ണം മാത്രമാണ് ഹമാസ് തിരികെ നൽകിയത്. അതിനിടെ ഗാസയിൽ, വീണ്ടും ഇസ്രയേൽ ആക്രമമുണ്ടായെന്ന് റിപ്പോർട്ട്. സൈന്യം പിൻവാങ്ങിയ സ്ഥലത്തേക്ക് കടന്ന 9 പേർ ഇസ്രയേൽ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

അടിയന്തര മെഡിക്കൽ, ഭക്ഷണ സഹായം നിർത്തരുതെന്ന് യുഎൻ ആവശ്യപ്പെട്ടു. ബുധനാഴ്ച മുതൽ ഗാസ മുനമ്പിലേക്ക് 300 സഹായ ട്രക്കുകൾ മാത്രമേ അനുവദിക്കൂ എന്ന് ഇസ്രായേൽ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. മാനുഷിക അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യങ്ങൾക്കല്ലാതെ ഇന്ധനമോ ഗ്യാസോ അനുവദിക്കില്ല.

ഗാസയിൽ കൊല്ലപ്പെട്ട തടവുകാരുടെ മൃതദേഹങ്ങൾ കൈമാറുന്നതിൽ പരാജയപ്പെട്ടതിന് ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രയേൽ ആരോപിച്ചു. അതേസമയം വടക്കൻ ഗാസ സിറ്റിയിലെയും തെക്കൻ ഖാൻ യൂനിസിലെയും വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ച ഒമ്പത് പലസ്തീനികളെ ഇസ്രയേൽ സൈനികർ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്.