മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം; ഇസ്രയേൽ- ഹമാസ് പ്രതിനിധികൾ കെയ്റോയിൽ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ സമാധാന കരാർ നടപ്പാക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് തുടക്കം. ചർച്ചകൾക്കായി ഇസ്രയേൽ- ഹമാസ് പ്രതിനിധികൾ കെയ്റോയിലെത്തി. ഇസ്രായേൽ – ഹമാസ് അനൗപചാരിക ചർച്ചകൾ ഷാം എൽ-ഷെയ്ക്കിൽ ആരംഭിച്ചു. ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥരാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ മാസം ഖത്തറിൽ ഇസ്രയേൽ നടത്തിയ വധശ്രമത്തിൽ രക്ഷപെട്ട ഖലീൽ അൽ-ഹയ്യയാണ് ഹമാസ് സംഘത്തെ നയിക്കുന്നത്. അതിനിടെ നോബൽ സമ്മാനത്തിന് ട്രംപിനെ പിന്തുണച്ച് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ വംശജരുടെ കുടുംബങ്ങൾ രം​ഗത്തെത്തി. അടിയന്തര വെടിനിർത്തലിനുള്ള സാധ്യതകളും ബന്ദികളുടേയും പലസ്തീൻ തടവുകാരുടേയും കൈമാറ്റത്തേയും സംബന്ധിച്ച കാര്യങ്ങളാകും നിർണായക ചർച്ചയിൽ പ്രധാന വിഷയങ്ങളാകുക. ബന്ദികളുടെ മോചനത്തിനായുള്ള സാഹചര്യമൊരുക്കാനും ദീർഘകാല വെടിനിർത്തലിനായുള്ള ചർച്ചകളുമാണ് നാളെ നടക്കുക.

ഗസയുടെ അധികാരവും നിയന്ത്രണവും വിട്ടുകൊടുക്കാൻ വിസമ്മതിച്ചാൽ ഹമാസ് സമ്പൂർണ ഉന്മൂലനം നേരിടേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇരുപതിന കരാറിൽ ഉൾപ്പെട്ട ബന്ദികളെ വിട്ടയയ്ക്കണമെന്ന നിർദേശം അംഗീകരിക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചിരുന്നു.

ഗസ്സയിൽ നിന്ന് ഹമാസിന്റെ പൂർണമായ പിന്മാറ്റം, ബന്ദികളുടെ പൂർണമായ കൈമാറ്റം, സമ്പൂർണ വെടിനിർത്തൽ, പുതു ഗസ്സയ്ക്കായുള്ള വികസനം, ഇസ്രയേൽ- പലസ്തീൻ പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരത്തിനായി സമാധാനപൂർണമായ ചർച്ചകൾക്ക് സാഹചര്യമൊരുക്കൽ തുടങ്ങിയ കാര്യങ്ങളാണ് ട്രംപിന്റെ 20ഇന പദ്ധതിയിലുള്ളത്.