ജയം സൈനികർക്ക് സമർപ്പിക്കുന്നു; പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം’; സൂര്യകുമാർ യാദവ്

പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തിനായി ധീരതയോടെ പോരാടിയവർക്കുള്ളതാണ് ഈ ജയം. ഇത്തരത്തിൽ അവസരം ലഭിക്കുമ്പോൾ എല്ലാം അവരുടെ പുഞ്ചിരിക്കായി കളിക്കുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

മത്സരശേഷം പാകിസ്താൻ താരങ്ങളുമായി ഹസ്തദാനത്തിനു നിൽക്കാതെയാണ് സൂര്യകുമാർ യാദവും ശിവം ദുബെയും മൈതാനത്ത് നിന്ന് മടങ്ങിയത്. ഇന്ത്യയെ ജയത്തിലേക്കെത്തിച്ച ശേഷം ഇരുവരും ഡ്രസിങ് റൂമിലേക്കാണ് കയറിപോയത്. പിന്നാലെ ഡ‍്രസിങ് റൂം അടക്കുകയും ചെയ്തു. ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം ചെയ്യുന്നതിനായി പാക് താരങ്ങൾ ​ഗ്രൗണ്ടിൽ കാത്ത് നിൽക്കുന്നതിനിടെയായിരുന്നു ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് വിസമ്മതിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തോൽവിക്കു പിന്നാലെ ഗ്രൗണ്ട് വിട്ട പാകിസ്താൻ ക്യാപ്റ്റൻ ആഗ സൽമാൻ മാധ്യമങ്ങളുമായി സംസാരിക്കാൻ തയാറായില്ല. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 127 റൺസ് നേടി. മറുപടിയിൽ മൂന്നു വിക്കറ്റ് നഷ്ടത്തി 15.5 ഓവറിൽ 131 റൺസെടുത്ത് ഇന്ത്യ മത്സരം കൈപ്പിടിയിലൊതുക്കുകയും ചെയ്തു. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണു കളിയിലെ താരം.