Headlines

വയോധികനെ വാഹനം ഇടിച്ച് കൊന്ന കേസ്; പാറശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറശാല എസ്എച്ച്ഒ പി.അനിൽ കുമാറിന് സസ്പെൻഷൻ. ബംഗളൂരിവിൽ ആയിരുന്ന സിഐ പി.അനിൽ കുമാർ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതാണ് വിവരം.

വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ കാർ ഓടിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ തന്നെയെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് എസ്എച്ച്ഒ പി അനിൽ കുമാറിന്റെ കാർ കസ്റ്റഡിയിലെടുത്തിരുന്നു.
എസ്എച്ച്ഒയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മരിച്ച ചേണിക്കുഴി സ്വദേശി രാജന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അ‍ഞ്ചിനാണ് കിളമാനൂരിൽ വെച്ച് സംഭവം നടന്നത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കിളിമാനൂര്‍ പൊലീസ് വാഹനം തിരിച്ചറിഞ്ഞത്. അപകടത്തിൽ കിളിമാനൂര്‍ സ്വദേശി രാജൻ (59) ആണ് മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു.