കാൻബറ∙ മരുമകൾ പെൻഗിറാൻ റാബിയാത്തുൽ അദാവിയ്യയെ രാജകീയ പദവിയിൽ നിന്ന് നീക്കി ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൾക്കി. രാജകുടുംബത്തിലെ അംഗത്തിന്റെ ഭാര്യ എന്ന നിലയ്ക്ക് ‘അനുചിതമായ പെരുമാറ്റം’ നടത്തിയെന്നും ബഹുമാനക്കുറവ് പ്രകടിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിലൂടെ പദവിയിൽ നിന്ന് നീക്കിയത് ഉടൻ പ്രാബല്യത്തിൽ വന്നതായി ബ്രൂണയിലെ ഗ്രാൻഡ് ചേംബർലെയ്ൻ ഓഫിസ് അറിയിച്ചു.എന്നാൽ പദവി നീക്കുന്നതിന് കാരണമായി ആരോപിക്കപ്പെടുന്ന ‘പ്രത്യേക പെരുമാറ്റം’ എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സുൽത്താന്റെ രണ്ടാമത്തെ മകനും സിംഹാസനത്തിന്റെ നാലാമത്തെ അവകാശിയുമായ അബ്ദുൽ മാലിക്ക് രാജകുമാരനാണ് റാബിയാത്തുൽ അദാവിയ്യുടെ ഭർത്താവ്. 2015ൽ ആയിരക്കണക്കിനു ആളുകൾ പങ്കെടുത്ത 10 ദിവസം നീണ്ടുനിന്ന വിവാഹമായിരുന്നു ഇരുവരുടെയും. മുതീഅ, ഫാത്തിയ്യ, ഖാലിഷ, നബീല എന്നീ 4 രാജകുമാരിമാരാണ് ഇവർക്കുള്ളത്.
രാജകീയ ഉത്തരവ് ഇവരുടെ നാല് മക്കളുടെ പദവികളെ ബാധിക്കില്ല. കുടുംബാംഗങ്ങളിൽ നിന്ന് രാജകീയ പദവികൾ സുൽത്താൻ പിൻവലിക്കുന്നത് ഇതാദ്യമായല്ല. 2003ൽ, രണ്ടാമത്തെ ഭാര്യയായ മറിയം അബ്ദുൾ അസീസുമായുള്ള വിവാഹമോചനത്തെത്തുടർന്ന് അദ്ദേഹം അവരുടെ രാജകീയ പദവികൾ എടുത്തുമാറ്റിയിരുന്നു.
സമാനമായി, 2010ൽ മൂന്നാമത്തെ ഭാര്യയായ അസ്രിനാസ് മസ്ഹർ ഹാക്കിമുമായുള്ള വിവാഹമോചനത്തിനു ശേഷവും അദ്ദേഹം അവരുടെ രാജപദവികൾ നീക്കം ചെയ്യുകയുണ്ടായി. എന്നാൽ, ഇതാദ്യമായാണ് വിവാഹമോചന പ്രഖ്യാപനമില്ലാതെ കുടുംബത്തിലെ ഒരാളുടെ പദവി നീക്കുന്നത്.






