Headlines

ഇറാന്റെ അതീവ സുരക്ഷിതമായ ഭൂഗര്‍ഭ ആണവനിലയമായ പിക്കാക്സ് മൗണ്ടന്‍ തകര്‍ക്കുമെന്ന് ട്രംപ്; എന്താണ് സംഭവിക്കുന്നത്?

 

ഇറാന്റെ അതീവ സുരക്ഷിതമായ ഭൂഗര്‍ഭ ആണവനിലയമായ പിക്കാക്സ് മൗണ്ടന്‍’ അമേരിക്കന്‍ സൈന്യം തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എന്താണ് പിക്കാക്സ് മൗണ്ടനില്‍ നടക്കുന്നത്? ( Trump says the US will take out Pickaxe Mountain in Iran)

 

 

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ ഹഗ് ഹെവിറ്റുമായി നടത്തിയ അഭിമുഖത്തിലാണ് ഇറാനിലെ പിക്കാക്സ് മൗണ്ടന്‍ ആക്രമിക്കുമെന്ന് ഡോണാള്‍ഡ് ട്രംപ് പ്രസ്താവിച്ചത്. ഇറാന്റെ ആണവപദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അതീവ രഹസ്യസ്വഭാവമുള്ള കേന്ദ്രങ്ങളിലൊന്നാണിത്. ഇറാന്റെ നതാന്‍സ് ആണവനിലയത്തില്‍ നിന്നും ഒന്നര കിലോമീറ്ററിനുള്ളില്‍ സഗ്രോസ് പര്‍വതനിരകളിലാണ് ഈ ഭൂഗര്‍ഭ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 2020-ല്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ സെന്‍ട്രിഫ്യൂജ് അസംബ്ലി പ്ലാന്റാണ് ഇവിടെ നിര്‍മ്മിക്കുന്നതെന്നാണ് ഇറാന്‍ ഭരണകൂടം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മല തുരന്ന് പടുത്തുയര്‍ത്തിയ ഈ കോട്ടയ്ക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരണമടക്കം നടക്കുന്നതായാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ ആശങ്ക.പിക്കാക്സ് പര്‍വനിരയിലുള്ള ഈ കേന്ദ്രം സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അധികൃതര്‍ക്ക് ഇറാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നതാണ് സംശയം ബലപ്പെടുത്തുന്നത്. ആണവനിലയം ഭൂഗര്‍ഭത്തില്‍ വളരെ ആഴത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വ്യോമാക്രമണം കൊണ്ടുമാത്രം ഇത് തകര്‍ക്കാനാകുമോ എന്ന കാര്യത്തിലും വിദഗ്ദ്ധര്‍ക്കിടയില്‍ സംശയമുണ്ട്. 2025 ജൂണില്‍ യുഎസ് സൈന്യം ഇറാന്റെ നതാന്‍സ്, ഇസ്ഫഹാന്‍, ബുഷെഹര്‍ എന്നീ മൂന്ന് ആണവനിലയങ്ങളില്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതിനുശേഷം സുരക്ഷാ ഭീഷണിയുള്ള ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും അന്താരാഷ്ട്ര ഇന്‍സ്പെക്ടര്‍മാരെ ഇറാന്‍ വിലക്കിയിരുന്നു.