Headlines

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവ്. എറണാകുളം കളക്ടറേറ്റിലെ ക്ലർക്ക് വിഷ്ണുപ്രസാദിനെയാണ് സർവീസിൽ നിന്നും നീക്കം ചെയ്തത്. 2018 ലെ പ്രളയ ദുരിതാശ്വാസ ധനസഹായത്തിലെ ക്രമക്കേടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

73.13 ലക്ഷം രൂപയുടെ തിരിമറിയായിരുന്നു ഉദ്യോഗസ്ഥൻ നടത്തിയത്. കമ്പ്യൂട്ടറിൽ അർഹരുടെ പേര് തിരുത്തി സ്വന്തം അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ ഉൾപ്പടെ ലക്ഷങ്ങൾ മാറ്റിയിരുന്നതായി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രളയദുരിതാശ്വാസ തുക വിതരണം ചെയ്ത ഡേറ്റകൾ പരിശോധിച്ചതിൽ 23 ട്രാൻസാക്ഷനുകൾ വിഷ്ണു പ്രസാദ് കൃത്രിമമായി നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടു. ഇതിൽ 11 ട്രാൻസാക്ഷനുകൾ ഇയാളുടെ പേരിലുളള അക്കൗണ്ടിലേക്കും മറ്റു ട്രാൻസാക്ഷനുകൾ ഉദ്യോഗസ്ഥനുമായി ബന്ധമുളള വിവിധ വ്യക്തികളുടെ അക്കൗണ്ടിലേക്കും മാറ്റപ്പെട്ടതാണെന്ന് കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസറുടെ കണ്ടെത്തൽ.

മാത്രമല്ല കളക്ടറേറ്റിലെ വ്യത്യസ്ത സെക്ഷനുകളിൽ തയ്യാറാക്കേണ്ട ബില്ലുകൾ വിഷ്ണു പ്രസാദ് തയ്യാറാക്കി. ദുരിതാശ്വാസ ധനസഹായം അനുവദിക്കേണ്ട ഫയലുകളൊന്നും തന്നെ എടിഎമ്മിന്റെയോ സുപ്രണ്ടിന്റെയോ പരിശോധനയ്ക്ക് വിധേയമാകാതെ കളക്ടറിന് സമർപ്പിക്കുകയായിരുന്നുവെന്നും ലാൻഡ് റവന്യൂ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.