കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ. സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം തടയാൻ വൈസ് ചാൻസലർ മോഹനനൻ കുന്നുമ്മൽ നിർദേശം നൽകി. വാഹനം സർവകലാശാലയുടെ ഗ്യാരേജിൽ സൂക്ഷിക്കാനാണ് നിർദേശം. നിലവിൽ രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം അനിൽകുമാർ തന്നെയാണ് ഉപയോഗിക്കുന്നത്. അത് തടയാനുള്ള നീക്കങ്ങൾ നേരത്തെ തന്നെ വി സി തുടങ്ങിയിരുന്നു. വി സി നിയോഗിച്ച രജിസ്ട്രാറായ ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. കാറിന്റെ താക്കോൽ ഡ്രൈവറിൽ നിന്നും വാങ്ങി മിനി കാപ്പനെ ഏൽപ്പിക്കണമെന്നാണ് വി സിയുടെ നിർദേശം.
എന്നാൽ സെക്യൂരിറ്റി ഓഫീസർ ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്ന് കെ എസ് അനിൽകുമാർ അറിയിച്ചു. വാഹനം താൻ തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഇന്ന് സർവകലാശാലയിൽ നിന്ന് തിരികെ വീട്ടിലേക്ക് പോയത് ഔദ്യോഗിക വാഹനത്തിൽ തന്നെയായിരുന്നു. പിന്നീട് വാഹനം കാര്യവട്ടത്തേക്ക് തിരിച്ചയച്ചു. നാളെ സർവകലാശാലയിലേക്ക് ഏഴുകയാണെങ്കിൽ അത് ഔദ്യോഗിക വാഹനത്തിൽ തന്നെ ആയിരിക്കുമെന്ന് കെ എസ് അനിൽകുമാർ പറഞ്ഞു.
അതേസമയം, കേരള സർവകലാശാലയിലെ താത്ക്കാലിക വിസി മോഹനൻ കുന്നുമ്മൽ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. ഉന്നത വിദ്യഭ്യാസരംഗം കുളമായെന്നും, ചോദിക്കാൻ ആളില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. അതിനിടെ SFI ഇന്നും കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. ഒരു ഘട്ടത്തിലും മോഹനൻ കുന്നുമ്മലിനെ ഭീക്ഷണിപ്പെടുത്തിയിട്ടില്ലെന്ന് SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.