തിരുവനന്തപുരം: നടൻ പ്രേംകുമാറിന് പിന്തുണയുമായി സംവിധായകൻ വിനയൻ. പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി പ്രേംകുമാർ ഭരണം നടത്തിയെന്നും വിനയൻ പറഞ്ഞു.
വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ച പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ താൻ പറഞ്ഞിരുന്നുവെന്നും വിനയൻ പറഞ്ഞു. തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. അല്ലെങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കുമെന്നും വിനയൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിനയൻ പ്രതികരണം നടത്തിയത്.
പ്രേംകുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ. കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.








