Headlines

ഗൃഹ സന്ദര്‍ശന പരിപാടി; മാര്‍ഗരേഖയുമായി സിപിഐഎം; പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതിന്റെ കാരണങ്ങളുള്‍പ്പടെ വ്യക്തമാക്കാന്‍ നിര്‍ദേശം

ഗൃഹ സന്ദര്‍ശന പരിപാടിക്ക് മാര്‍ഗരേഖയുമായി സിപിഐഎം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് ചര്‍ച്ച ആരംഭിക്കണമെന്നാണ് നിര്‍ദേശം. ഗൃഹസന്ദര്‍ശന പരിപാടികള്‍ക്ക് ഇന്ന് തുടക്കമായിട്ടുണ്ട്.തിരിച്ചടി ഉണ്ടായ സ്ഥലങ്ങളില്‍ എന്തുകൊണ്ട് അത് സംഭവിച്ചു എന്നതില്‍ ചര്‍ച്ച തുടങ്ങാം. ജനങ്ങള്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വ്വം കേള്‍ക്കണം. തെറ്റായ കാര്യങ്ങള്‍ പറഞ്ഞാലും പ്രാധാന്യമുള്ള വിഷയം എന്ന നിലയില്‍ കേള്‍ക്കണം. തര്‍ക്കിച്ചു ജയിക്കാന്‍ അല്ല, ശരിയായ ധാരണയില്‍ എത്തിക്കാന്‍ ക്ഷമാപൂര്‍വം ഇടപെടണം – മാര്‍ഗരേഖ വ്യക്തമാക്കി.

വര്‍ഗീയ സംഘടനകളെ വിമര്‍ശിക്കുന്നത് ഏതെങ്കിലും മതത്തോടുള്ള വിദ്വേഷമല്ല എന്ന് ധരിപ്പിക്കണമെന്നും സിപിഐഎം മുസ്ലിം വിരുദ്ധ സമീപനം അല്ല സ്വീകരിക്കുന്നതെന്നും വ്യക്തമാക്കണമെന്നും നിര്‍ദേശമുണ്ട്. പത്മകുമാറിനെതിരായ നടപടിയെടുക്കാത്തതും വിശദീകരിക്കും. പത്മകുമാര്‍ ചെയ്ത തെറ്റിന്റെ സ്വഭാവം വ്യക്തമായിരുന്നില്ല. കുറ്റപത്രത്തില്‍ അത് വ്യക്തമാക്കുന്ന ഘട്ടത്തില്‍ ഉചിതമായ തീരുമാനം എടുക്കും. രാഷ്ട്രീയക്കാരന്‍ ആയാലും തന്ത്രിയായാലും കുറ്റം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ജനങ്ങളെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.ഗൃഹ സന്ദര്‍ശന പരിപാടിയില്‍ , ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സിപിഐഎമ്മിനും എല്‍ഡിഎഫിനും ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച തരത്തിലുള്ള വിജയമുണ്ടായില്ല. പല സ്ഥലത്തും തിരിച്ചടികളുണ്ടായി. ഉത്തരേന്ത്യയിലെ കാശ് കൊടുത്ത് വോട്ട് വാങ്ങുന്നത് പോലുള്ള വൃത്തികെട്ട ജനാധിപത്യ രീതി കേരളത്തിലേക്കും പ്രത്യേകിച്ച് തിരുവനന്തപുരത്തേക്ക് ആര്‍എസ്എസ് കൊണ്ടുവരികയാണ്. കോണ്‍ഗ്രസും യുഡിഎഫും മുസ്ലീം ലീഗും ഇത്തരത്തില്‍ തന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നടത്തിയിട്ടുണ്ട്. ഇതാണ് ഞങ്ങള്‍ക്ക് പ്രാഥമികമായി കിട്ടിയിട്ടുള്ള വിവരം – അദ്ദേഹം പറഞ്ഞു.