കോർപ്പറേഷൻ നിയമനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസൻ. എ ഗ്രൂപ്പിന് മാത്രമല്ല എല്ലാവർക്കും അതൃപ്തിയുണ്ടെന്ന് എംഎം ഹസൻ പറഞ്ഞു. ലീഗിന് കൂടുതൽ പരിഗണന എന്ന അഭിപ്രായം തനിക്കില്ല. സർക്കാരിലെ ഭിന്നതയെക്കുറിച്ച് മുഖ്യമന്ത്രിയോടും സർക്കാരിൽ ഉള്ളവരോടും ചോദിക്കണമെന്നും എംഎം ഹസൻ പറഞ്ഞു
ബോർഡ് കോർപ്പറേഷൻ നിയമനം തീരുമാനം ഏറെ വൈകി. എത്രയും വേഗം തീരുമാനം ഉണ്ടാകണം. ഉടൻ ഉണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡൻ്റ് അറിയിച്ചതെന്ന് എംഎം ഹസൻ പറഞ്ഞു. ബോർഡ് , കോർപറേഷൻ ചർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസിലെ എ ഗ്രൂപ്പ്. ചർച്ചകളിൽ പ്രാതിനിധ്യം ഇല്ലാത്തത് ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കാണും. ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബെന്നി ബെഹനാനെയോ ഷാഫി പറമ്പിലിനെയോ അധ്യക്ഷൻ ആക്കണമെന്നാണ് ആവശ്യം.
അടൂർപ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ സി പക്ഷമെന്നാണ് വി ഡി സതീശൻ അനുകൂലികൾ തുടക്കം മുതൽ വാദിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശങ്ങളോട് കെ സി വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സർക്കാർ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും ബോർഡ് കോർപറേഷൻ വിഭജനമുൾപ്പെടെ പൂർത്തിയാക്കാൻ കഴിയാത്തതിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. ഇതിനിടെയാണ് മന്ത്രിമാരുടെ അതൃപ്തി ഉൾപ്പെടെ കോൺഗ്രസിന് തലവേദനയാകുന്നത്.






