എൻഡിഎയുടെ വമ്പൻ വിജയം ‘വികസിത ബീഹാറിൽ’ വിശ്വസിക്കുന്ന ഓരോ ബിഹാറിയുടെയും വിജയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.മോദി സർക്കാരിനുള്ള ജനങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന വിധിയാണ് ബിഹാറിലേത്.ജംഗിൾ രാജ് നടത്തുന്നവർക്ക് ഇനി ജനങ്ങളെ ‘കൊള്ളയടിക്കാൻ’ അവസരം ലഭിക്കില്ലെന്നും പറഞ്ഞു. പൊതുജനം ഇപ്പോൾ അവരുടെ ജനവിധി നൽകുന്നത് ‘പ്രകടന രാഷ്ട്രീയം’ എന്നതിന്റെ അടിസ്ഥാനത്തിലാണ്
ബിഹാറിലെ വികസനം സ്ത്രീസുരക്ഷ, സദ്ഭരണം എന്നിവയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. വികസിത ബിഹാർ എന്ന ദൃഢനിശ്ചയത്തിനുവേണ്ടിയാണ് ഈ ജനവിധി. വോട്ടുബാങ്കുകൾക്ക് വേണ്ടി വോട്ടർപട്ടികയിലെ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവർക്കുള്ള ജനങ്ങളുടെ ഉചിതമായ മറുപടിയാണിതെന്നും അമിത് ഷാ കുറിച്ചു. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ന് ബിഹാറിൽ അവസാനത്തെ തലം വരെ എത്തിയെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എൻ ഡി എ സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങളെന്നും മോദി കുറിച്ചു.






