Headlines

1500 കോടി ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ; ഇന്ത്യയിൽ ആദ്യ എഐ ഹബ് വരുന്നൂ

ഇന്ത്യയിൽ 1500 കോടി ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ. എഐ ഹബ്ബ് യാഥാർഥ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രവും സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. യുഎസിന് പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ് ആണ് ആന്ധ്രയിൽ ഒരുങ്ങുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം ആരംഭിക്കുമെന്നും ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു.

വിശാഖപട്ടണത്താവും ഗിഗാവാട്ട് ഡാറ്റാ സെന്റർ ക്യാമ്പസ് ​ഗൂ​ഗിൾ നിർമിക്കുക. ഡൽഹിയിൽ ഗൂഗിൾ സംഘടിപ്പിച്ച ഭാരത് എഐ ശക്തി പരിപാടിയിലാണ് പ്രഖ്യാപനം. ഭാവിയിൽ പദ്ധതി വികസിപ്പിക്കാൻ ​ഗൂ​ഗിളിന് പദ്ധതിയുണ്ടെന്നും അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശിന്റെ മാനവ വിഭവശേഷി വികസന മന്ത്രി നര ലോകേഷ്, 1 ജിഗാവാട്ട് പദ്ധതിക്ക് 10 ബില്യൺ ഡോളർ ചെലവ് വരുമെന്ന് പറഞ്ഞിരുന്നു.

പ്രഖ്യാപനത്തിന് മുന്നോടിയായി, ഇന്ത്യയിൽ ഒരു AI ഹബ് തുറക്കുന്നതിനെക്കുറിച്ച് സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യയിലെ സംരംഭങ്ങൾക്കും ഉപയോക്താക്കൾക്കും ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ AI ഹബ് എത്തിക്കുമെന്ന് പിച്ചൈ പറഞ്ഞു.

രാജ്യത്ത് ​ഗൂ​ഗിൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കേന്ദ്ര സർക്കാരിന്റെ വികസിത് ഭാ​രത് പദ്ധതിയുടെ ഭാ​ഗമായാണ് നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. എഐ സേവനങ്ങൾ കൂടുതൽ പ്രചാരത്തിലാകുന്നതോടെ, ക്ലൗഡ് സേവനങ്ങൾക്കായുള്ള ആഗോള ആവശ്യകത വർദ്ധിക്കുന്നതിനനുസരിച്ച് കമ്പനികൾ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കുകയാണ്.